Monday 29 March 2010

അരുത്‌.. ആ WINDOWS തുറന്നിടരുത്‌




















വീടിനു ജനവാതിലുകളുണ്ടെങ്കില്‍ തീര്‍ച്ചയായും അതു തുറന്നിടാനുള്ളതല്ലേ?
വീടിനകത്തേക്കു യഥേഷ്ടം കാറ്റും വെളിച്ചവും കടന്നു വരണം.
പക്ഷെ ഇക്കാലത്തു നമുക്കു വീടിണ്റ്റെ ജാലകങ്ങള്‍ തുറന്നിടാനുള്ളതല്ല..
നല്ല പത്രാസിലുണ്ടാക്കിയ ഒരൊറ്റ വീടിണ്റ്റെ ജാലകപ്പൊളിയും ഈ അടുത്ത കാലത്തൊന്നും ഒറ്റ മലയാളിയും തുറന്നിട്ടുണ്ടാവില്ല. ജാലകം, ജനല്‍, വിന്‍ഡോ എന്നൊക്കെ പറയുന്ന ഈ സാധനം കേരളീയരുടെ ഭവന വാസ്തു വിദ്യാസങ്കല്‍പങ്ങള്‍ക്ക്‌ ഇന്നു വെറുമൊരലങ്കാരം മാത്രം.
സ്റ്റെയ്ലന്‍ കൂളിംഗ്‌ ഗ്ളാസ്സു വെച്ച വീടുകള്‍.
അല്ലെങ്കിലെന്തിനാണീ ജനലുകള്‍?
വെറുതെയൊന്നാലോചിച്ചാല്‍ ഇതൊരധികപ്പറ്റെല്ലേ?
കമ്പിയുടെ വിലയെന്താ?
ചില്ലുകളുടെ വിലയും കൂടുകയല്ലേ?
ഏച്ചു കൂട്ടി, തേച്ചു മിനുക്കി ഒരു ജനല്‍ പാളിയുണ്ടാക്കുമ്പോഴേക്കും ആശാരിക്കൂലിയെത്രയാകും? വേണോ ഈ അധികച്ചെലവു്‌?
ഇനി മേലിലെങ്കിലും ജനലുകളില്ലാത്ത വീടുകളാണു നമുക്കാവശ്യം.. നല്ല ഫ്ളാറ്റായി, അകത്തേക്കു കടക്കാനും പുറത്തേക്കു പോകാനുമായി ഒറ്റവാതില്‍ മാത്രമുള്ള ഒരു ഗുഹ.
നമ്മുടെ ഭവന സങ്കല്‍പങ്ങള്‍ക്കു ആ രീതിയിലൊരു വാസ്തു വിദ്യ രൂപകല്‍പന ചെയ്യേണ്ടതുണ്ടു.
നല്ല സുരക്ഷിതമായ ഒരു ഭവന സങ്കല്‍പം. പണ്ടു വീടു തന്നെ പകുതിയിലേറെയും മരമായിരുന്നല്ലോ.. ജനല്‍ മുഴുവനായി മരം കൊണ്ട്‌... പ്ളാവും , തേക്കും, വാകയും, ഈട്ടിയും എന്തെന്തു മരങ്ങളെയാണു മലയാളി അക്കാലത്തു കൊലവാളിനിരയാക്കിയതു.
പകുതി തുറന്നു കിടക്കുന്ന ജനലുകള്‍. അഴികളും, പാളികളും മരത്തില്‍ തന്നെ. ജനല്‍ പാളികളില്‍ കരവിരുതും, കൊത്തു പണിയും ! ആ നാലുകെട്ടിണ്റ്റെ ജാലകങ്ങള്‍, അല്ലെങ്കില്‍ ചെറിയ കൊച്ചു വീടിണ്റ്റെ കിളിവാതില്‍ തുറന്നിട്ട വെളിച്ചത്തിലിരുന്നാണു വായിച്ചതും, പഠിച്ചതും, എഴുതിയതും. ആ ജാലകങ്ങള്‍ മലര്‍ക്കെ തുറന്നിട്ടിട്ടാണു താരകങ്ങളെ നോക്കി കവിതയെഴുതിയതു..
ആ ജാലക വാതില്‍പഴുതിലൂടെയാണു നിലാവെളിച്ചത്തിണ്റ്റെ തുണ്ട്‌ നിലത്തുവീണു കിടക്കുന്നതവന്‍ കണ്ടതു.
കാലം മാറി. വീടിണ്റ്റെ നിര്‍മ്മാണ സങ്കല്‍പങ്ങളും മാറി. ജാലകങ്ങള്‍ക്ക്‌ ചില്ലും, കമ്പിയഴികളുമായി. വിലങ്ങനെ ഇടക്കിടക്കു ഈരണ്ടു കമ്പികള്‍.
അടുത്ത കാലം വരെ ഈ ജാലകവാതില്‍ മലയാളിവീടുകള്‍ക്കലങ്കാരമായിരുന്നു.
ആയിടക്കാണു ആരോ ആ ജനലഴികള്‍ക്കുള്ളിലൂടെ കമ്പിപ്പാര കടത്തി അഴികളെ ഒന്നു വികസിപ്പിച്ചതു.
കള്ളന്‍ കുന്തമിട്ടു ഞെരുക്കി വീട്ടിനകത്തേക്കു കുഞ്ഞു കള്ളനെ ഇറക്കി വിലപിടിച്ച സാധനങ്ങളെല്ലാം കട്ടു കൊണ്ടു പോയി. അങ്ങനെയാണു കള്ളനെ തോല്‍പിക്കാന്‍ മറ്റൊരു മഹാബുദ്ധി പ്രയോഗവല്‍ക്കരിച്ചതു.
ജനലിണ്റ്റെ വിലങ്ങനെയുള്ള കമ്പികള്‍ക്കിടക്കിടക്കു നെടുങ്ങനെ ഇടക്കിടക്കു ഈരണ്ടു  കമ്പിപ്പട്ടകള്‍ കൂടി.. ഇപ്പോള്‍ ഈ ജനലിണ്റ്റെ രൂപസാദ്യശ്യം മ്യഗശാലയിലെ ഒരു കൂടിനോടുപമിക്കാം.
ഈ കൂട്ടിനകത്തു ഒരു വന്യമ്യഗം വസിക്കുന്നതായി അപരിചിതനായ ഒരു നാട്ടുകാരനു
 തോന്നിപ്പോയിട്ടുണ്ടെങ്കില്‍ അയാളെ കുറ്റം പറയരുതു.. കാരണം അയാള്‍ക്കു നമ്മുടെ നാട്ടിണ്റ്റെ രാഷ്ട്രീയ, സാമൂഹ്യസാഹചര്യങ്ങളെകുറിച്ചുള്ള അറിവില്ലായ്മ കൊണ്ടു മാത്രമായിരിക്കും അങ്ങനെ ഒരു തോന്നല്‍.
ഇനി നമുക്കു കാണാം ഈ അഴികള്‍ക്കുള്ളിലൂടെ കള്ളനൊന്നു കയറുന്നതു.

ഇങ്ങനെ, ജനലിണ്റ്റെ അപാരമായ സുരക്ഷിതത്വത്തില്‍ അഹങ്കരിച്ചു നില്‍ക്കുമ്പോളാണു, അന്നത്തെ വാര്‍ത്തയില്‍ നാടന്‍ ബോംബു പൊട്ടിയതു. ജനലിനകത്തുകൂടെയാണത്രെ ബോമ്പ്‌ വീട്ടിലേക്കെറിഞ്ഞതു. അന്നു ജനല്‍പാളികള്‍, ഉറക്കെ വലിച്ചടച്ചതാണു.
' ഇനി ലോകാവസാനം വരെ ഈ ജനല്‍പാളികള്‍ തുറന്നിടുന്ന പ്രശ്നമില്ല'.
പുറത്തു കാറ്റോ, മഴയോ, പേമാരിയോ, എന്തും നടക്കട്ടെ.
എല്ലാം ടെലിവിഷനില്‍ വിശദമായിക്കാണുന്നുണ്ടല്ലോ..പോരാത്തതിനു കമ്പ്യൂട്ടറില്‍ 'വിന്‍ഡോ'യും തുറന്നിട്ടിരിക്കുന്നു. അറിവില്ലായ്മ കൊണ്ടു കുട്ടികളാരെങ്കിലും ജനലൊന്നു തുറന്നാല്‍ മുതിര്‍ന്നവര്‍ കണ്ണുരുട്ടും:
'അടയ്ക്കെടാ'
ഇതെന്താ ഇത്രമേല്‍ പേടി?
ഓടിക്കൊണ്ടിരിക്കുന്ന ഒരു വാഹനമാണോ ഈ വീട്‌?
ശരിയാണു, ജനലുകള്‍ തുറന്നിടാന്‍ പാടില്ല,.. അതടഞ്ഞുതന്നെ കിടക്കണം.
കൊതുകും, ഈച്ചയും, പാറ്റയുമെല്ലാം വീട്ടിനകത്തേക്കു പറന്നു വരും..

വേനല്‍ക്കാലമാണു.
ജനലുകള്‍ ഇത്തിരി നേരം തുറന്നിട്ടാല്‍ നല്ല കാറ്റു കിട്ടും.
അപ്പുറത്തെ തൊടിയിലെ തൈതെങ്ങും, മാവും, പ്ളാവും വീശിത്തരുന്ന കാറ്റിണ്റ്റെ തലോടലേറ്റു കിടന്നാല്‍ അറിയാതെ ഒന്നു മയങ്ങിപ്പോകും...
ഹേയ്‌, വേണ്ട കാലം അത്ര നല്ലതല്ല. വെറുതെയെന്തിനു ആള്‍ക്കാര്‍ക്ക്‌ പണിയുണ്ടാക്കുന്നു.
കഴിഞ്ഞ ദിവസമാണു അപ്പുറത്തെ കുഞ്ഞാപ്പാണ്റ്റെ വീടിണ്റ്റെ ജനലിലൂടെ കള്ളന്‍ തൊട്ടിലില്‍ ഉറങ്ങിക്കിടന്ന കുഞ്ഞിണ്റ്റെ ഒന്നരപ്പവന്‍ തൂക്കമുള്ള മാല ചൂണ്ടലിട്ടു വലിച്ചുകൊണ്ടു  പോയതു.
അതു കൊണ്ടു ഈ ജനലുകളങ്ങനെ അടഞ്ഞു തന്നെ കിടക്കട്ടെ.
വേനല്‍ ചൂടില്‍ വിയര്‍ത്തു പൊള്ളി തിരിഞ്ഞും, മറിഞ്ഞും ഉറക്കം കിട്ടാതെ ടെറസിണ്റ്റെ ആവിയില്‍ വെന്തവിഞ്ഞു പോയാലും ഈ ജനലുകള്‍ തുറക്കുന്ന പ്രശ്നമേയില്ല. ഇപ്പോള്‍ ബാലേട്ടണ്റ്റെ ഇലക്ട്രിക്ക്‌ കടയില്‍ ഇന്‍സ്റ്റാള്‍മെണ്റ്റില്‍ ഏസി .കിട്ടാനുണ്ടു  നാളത്തന്നെ ഞാനതു വാങ്ങിക്കൊണ്ടു വരും.. എന്നാലും ഈ ജനലുകള്‍ തുറക്കുന്ന പ്രശ്നമില്ല.. വൈലോപ്പിള്ളിയുടെ ഉണ്ണിക്കുട്ടന്‍ നാട്ടുമാവിന്‍ ചോട്ടിലേക്കു കുണുങ്ങിക്കുണുങ്ങി നടന്നുപോകട്ടെ.. പുറത്തു കുളിര്‍കാറ്റു വീശട്ടെ.. അപ്പുറത്തെ വീട്ടിനു തീ പിടിക്കട്ടെ, മഴ പെയ്യട്ടെ, വെയിലുദിക്കട്ടെ , ഇടിവെട്ടട്ടെ എനിക്കെന്തു വേണം. അത്തരം നിര്‍മ്മലവികാരങ്ങള്‍ക്കൊന്നും ഇനി എണ്റ്റെ ഹ്യദയത്തില്‍ സ്ഥാനമില്ല.. അതെ, എണ്റ്റെ ഹ്യദയത്തിണ്റ്റെ ജാലകങ്ങള്‍ ഞാന്‍ എന്നോ കൊട്ടിയടച്ചിരിക്കുന്നു. എണ്റ്റെ വീടു നോക്കൂ.. ഉയര്‍ത്തിക്കെട്ടിയ മതിലുകള്‍. ഭദ്രമായടച്ചു ഇരുമ്പുകൊളുത്തിട്ടു കൊട്ടിയടച്ച വാതില്‍, ഒരിക്കലും തുറക്കാത്ത കണ്ണുകള്‍പോലെ ഈ ജാലകങ്ങള്‍.. ഇതെണ്റ്റെ ശരീരമാണൂ.. എണ്റ്റെ ആത്മാവാണൂ..
ഈ വീടു ഞാന്‍ തന്നെയാണു.....

വാല്‍പോസ്റ്റ്‌:
വിന്‍ഡോസു്‌ എന്നു പറഞ്ഞാല്‍ ജാലകങ്ങള്‍ എന്നാണല്ലോ അര്‍ത്ഥം.. സത്യത്തില്‍ പുറത്തെ കാഴ്ച്ചകളിലേക്കു തുറക്കുന്ന ഒരു കിളിവാതില്‍..കാലം എന്നോ മാറി. വാക്കുകള്‍ ക്കു മനസ്സിലുരുത്തിരിയുന്ന ബിംബങ്ങളും മാറി..  വിന്‍ഡോസ്‌ -95 ഇറങ്ങിയ കാലം ..
അന്നു  ഖലീജുടൈംസില്‍ ഞാനൊരു കാര്‍ട്ടൂണ്‍ വരച്ചിരുന്നു.. വായനാക്കര്‍ക്കൂവേണ്ടി വാല്‍പോസ്റ്റായി ആ കാര്‍ ട്ടൂണ്‍ ഞാനിവിടെ ചേര്‍ക്കുന്നു.






I TOLD YOU TO CLOSE THE WINDOWS -95

7 comments:

Typist | എഴുത്തുകാരി said...

രസകരമായ ചിന്തകള്‍. സത്യവും.

ഹംസ said...

ചിന്തിക്കേണ്ട ഒരു കാര്യം തന്നെയാണ്. …!!!

Unknown said...

എല്ലാ കാര്യത്തിലും ഞാന്‍, എന്റെ സ്വന്തം എന്ന ഒരു ഉള്‍വലിയല്‍ പ്രകടമാണിപ്പോള്‍.
വേറിട്ട ചിന്തകള്‍.

പട്ടേപ്പാടം റാംജി said...

കാലം എന്നോ മാറി. വാക്കുകള്‍ ക്കു മനസ്സിലുരുത്തിരിയുന്ന ബിംബങ്ങളും മാറി..

കാലം മാറി എന്ന് പറയുമ്പോള്‍ അന്നത്തെ ചിന്തയും ഇന്നത്തെ ചിന്തയും പൊലെതന്നെ ആഗ്രഹങ്ങളും അത്യാഗ്രഹങ്ങളും വളര്‍ന്നു. അപ്പോള്‍ ജനലുകള്‍ തുറക്കാന്‍ കഴിയാതായിരിക്കുന്നു എന്നത് സത്യവും ആകുന്നു. ബിംബങ്ങലള്‍ക്ക് മാറ്റം വ‍ന്നത് നേരെ എതിര്‍ ദിശയിലേക്കാണ്‌ എന്നതാണ്‌ കൂടുതല്‍ വേദനിപ്പിക്കുന്നത്.
നന്നായി.

Mohamedkutty മുഹമ്മദുകുട്ടി said...

വളരെ ചിന്തിക്കാനുതകുന്ന ഒരു പോസ്റ്റാണിത്. ഇപ്പൊള്‍ മൈക്രൊ സോഫ്റ്റിന്റെ വിന്‍ഡോസിനെ അറിയുന്നത്ര നമ്മുടെ ജനലിനെ ആരും അറിയുന്നില്ല!. അല്ലെങ്കിലും വീട്ടില്‍ നമ്മള്‍ അനാവശ്യമായി പലതും ഇപ്പോള്‍ ഉണ്ടാക്കി വെക്കുന്നുണ്ട്,വെറുതെ കാശ് കളയാന്‍ (പൊങ്ങച്ചം കാണിക്കാനും!).ജനലിനെപ്പറ്റി പറഞ്ഞപ്പോള്‍ പഴയ മത്താരണ( ഉച്ചാരണം ശരിയല്ലെ?)യെപ്പറ്റി ഓര്‍ത്തു പോയി.ഇവിടെ ഒരു പഴയ വീടു കാണാം ,എന്റെ ഉമ്മാന്റെ തറവാട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

മതിലിന്റെ ഇരുമ്പു കവാടം തുറന്നിടരുത് -പിച്ചക്കാര്‍ കയറും
വാതില്‍ തുറന്നിടരുത് - കള്ളന്‍ കയറും
ജനല്‍ തുറന്നിടരുത്- പൊടി കയറും
നമുക്ക് പുതിയ windows 7 തുറക്കാം
കാണേണ്ടത് മുഴുവന്‍ കാണാം
കേള്‍ക്കേണ്ടത് മുഴുവന്‍ കേള്‍ക്കാം
പറയേണ്ടത് മുഴുവന്‍ പറയാം
പക്ഷെ ,,
പാവം അയല്‍വാസിയുടെ രോദനം മാത്രം
നാം കാണില്ല, കേള്‍ക്കില്ല,
അഥവാ കണ്ടാലും കേട്ടാലും മിണ്ടില്ല.
കാരണം, നമ്മുടെ ഹൃദയവും നാം കൊട്ടിഅടച്ചു കഴിഞ്ഞിരിക്കുന്നു!!!

Vinodkumar Thallasseri said...

ഒന്ന്‌ വിട്ടുപോയി, ബാവാ. ഒളിഞ്ഞുനോട്ടം. ജനലുകള്‍ ഇപ്പോള്‍ തുറക്കാത്തത്‌ ഇവരെ പേടിച്ചിട്ടു കൂടിയാണ്‌.

ഒരു മൊബൈല്‍ ഫോണ്‍ ഉണ്ടെങ്കില്‍ എന്തെല്ലാം സാധ്യതകളാണ്‌. സ്ഥാനം തെറ്റിക്കിടക്കുന്ന വസ്ത്രങ്ങള്‍, പുറത്തുകാണുന്ന അല്ലെങ്കില്‍ അങ്ങനെ തോന്നുന്ന ഇത്തിരി മംസം ഒക്കെ വലിയ ഡിമാണ്റ്റുല്ലതാണ്‌, വിപണിയില്‍.

നമ്മുടെ സ്ത്രീകളോ ആരെങ്കിലും ഇങ്ങനെ എന്തെങ്കിലും കേട്ടാല്‍ മതി ഒന്നുകില്‍ വഴങ്ങിക്കൊടുക്കും. അല്ലെങ്കില്‍ ആഭരണം ഊരിക്കൊടുക്കും.

ബാവ പറഞ്ഞതുപോലെ നമുക്ക്‌ ഗുഹകളില്‍ ചെന്ന് രാപാര്‍ക്കാം.