Tuesday 23 February 2010

ഏതു കുഞ്ഞിരാമനും ഒരു ദെവസമുണ്ട്‌..



 
ശ്ചാത്തപ വിവശനായി കുഞ്ഞിരാമന്‍ എണ്റ്റെ മുമ്പില്‍ നില്‍ക്കൂകയാണ്‌. ആ കണ്ണുകളില്‍ നിന്നും പഴയ കൌശലമെല്ലാം എങ്ങോ പറന്നു പോയിരിക്കുന്നു.. വാര്‍ദ്ധക്യസഹജമായ ദീനഭാവത്താല്‍ നരച്ച തല താഴ്ത്തി, നടുവൊടിഞ്ഞു, ഒറ്റമുണ്ടുടുത്ത കുഞ്ഞിരാമന്‍ അയല്‍ക്കാരനായ എന്നെ അഭിമുഖീകരിക്കാനുള്ള സങ്കോചത്തോടെ വക്കു പൊട്ടി ക്ളാവു പിടിച്ച ആ വലിയ ഓട്ടുപാത്രവും താങ്ങിപ്പിടിച്ചുകൊണ്ട്‌ നിന്നു പരുങ്ങുകയാണു്‌. കുഞ്ഞിരാമന്‍ പണിപ്പെട്ട്‌ പാത്രം ഇറയത്തേക്കു വെച്ചു. കുറ്റബോധത്തോടെ ആ പാത്രത്തിലേക്കും പിന്നിട്‌, തണ്റ്റെ അയല്‍ക്കാരണ്റ്റെ മുഖത്തേക്കും മാറി മാറി നോക്കുന്ന കുഞ്ഞിരാമണ്റ്റെ മുഖത്തുനിന്നും ഏതൊരു 'വെളവനും' ജീവിത സായാഹ്നത്തില്‍ തണ്റ്റെ വെളവത്തെരങ്ങളെല്ലാം വെള്ളത്തില്‍ വരച്ച വരകളായിരുന്നുവെന്നു വായിച്ചെടുക്കാം.. കടം കൊടുത്ത വലിയ പാത്രം പ്രസവിച്ച കുട്ടിപ്പത്രത്തെ എനിക്കു നല്‍കിക്കൊണ്ടാണല്ലോ കുഞ്ഞിരാമന്‍ തണ്റ്റെ കൌശല വിദ്യ എണ്റ്റടുത്ത്‌ ആദ്യം പ്രയോഗിച്ചത്‌.. പിന്നീട്‌ പാത്രം തിരിച്ചു ചോദിച്ചപ്പോള്‍' പാത്രം മരിച്ചുപോയി ' എന്നു പറഞ്ഞു എന്നെ മഠയനാക്കിയ കുഞ്ഞിരാമാ.. മച്ചിയായ എണ്റ്റെ പാത്രത്തെ പ്രസവിപ്പിച്ച്‌ എന്നെ ആഹ്ളാദഭരിതനാക്കുകയും, പിന്നീട്‌ തള്ളപ്പാത്രത്തെ കൊന്നുകൊണ്ട്‌ എണ്റ്റെ യുക്തിയെ ഭദ്രമായി കുഴിച്ചു മൂടുകയും ചെയ്തവനായിരുന്നല്ലോ നീ..

നേരു്‌.. അന്നു ഞാന്‍ മരമണ്ടന്‍.. നീ അതിബുദ്ധിമാന്‍.. അന്നു ഈ തട്ടിപ്പു കഥ അറിയാത്തവരായി ആരുമുണ്ടായിരുന്നില്ലല്ലോ. കുഞ്ഞിരാമനോട്‌, ' വേണ്ടടാ കുഞ്ഞിരാമാ ആ പാവം ക്യഷ്ണന്‍കുട്ടീടെ  മൊതലു നെനക്കെന്തിനാടാ..അതങ്ങ്‌ തിരിച്ചു കൊടുത്തേക്ക്‌', എന്നൊന്നും ആരും പറഞ്ഞു കേട്ടില്ല.. 'മൊടക്കു മൊതലിനു ഒരു ചെറിയ ലാഭം ' എന്നുള്ള ഒരു ചെറു ചാപല്യത്തിനു മുമ്പില്‍ മൂഢനായിപ്പോയ പാത്രമുടമയായ ഞാനും, തട്ടിപ്പു വീരനായ കുഞ്ഞിരാമനും സമൂഹത്തിനു മുമ്പില്‍ വിചാരണ ചെയ്യപ്പെട്ടപ്പോള്‍ എണ്റ്റെ ചാപല്യത്തെ അവര്‍ പരിഹസിക്കുകയും കുഞ്ഞിരാമണ്റ്റെ സാമര്‍ത്ഥ്യത്തെ അവര്‍ പ്രകീര്‍ത്തിക്കുകയും ചെയ്തു..പള്ളിക്കൂടത്തില്‍ പഠിച്ചെടുത്ത തെന്നാലിരാമന്‍ കഥയിലെ കൌശലമാണല്ലോ അവന്‍ തന്നോട്‌ പരീക്ഷിച്ചതു.. പതുക്കെ പതുക്കെ കുഞ്ഞിരാമന്‍ തെന്നാലിരാമണ്റ്റെ കൌശലം ജീവിതത്തില്‍ പകര്‍ത്താന്‍ തുടങ്ങി..തെന്നാലിരാമണ്റ്റെ പൊടിക്കൈ, സമൂഹത്തില്‍ വിജയകരമായി നടപ്പിലാക്കമെന്നു്‌, കുഞ്ഞിരാമനു മനസ്സിലായി..സത്യത്തില്‍ തെന്നാലിരാമന്‍ പറ്റിച്ചത്‌ കൊള്ളപ്പലിശക്കാരനായ വ്യാപാരിയെയായിരുന്നു.. കുഞ്ഞിരാമനാകട്ടെ, തല കുത്തനെയും... എന്നെപ്പോലുള്ളപാവങ്ങളെയാണല്ലോ പറ്റിച്ചുകൊണ്ടിരുന്നതു്‌.. ഇപ്പോള്‍, കുഞ്ഞിരാമനു പറയാനുള്ളതെന്താണു്‌?

ഈ ജീവിതത്തില്‍ താന്‍ ഒന്നും നേടിയില്ലെന്നോ? കുടുംബജീവിതത്തില്‍ കുഞ്ഞിരാമന്‍ കണിശമായ ആത്മാര്‍ത്ഥത പാലിച്ചിരുന്നുവല്ലോ.. സ്വന്തം മക്കളെ സ്നേഹവും പരിലാളനയും നല്‍കി വളര്‍ത്തി വലിയവരാക്കി.. മരിക്കുന്നതു വരെ കെട്ടിയോളോട്‌ അവളുടെ ഇംഗിതമനുസരിച്ചു പെരുമാറി. നിര്‍ഭാഗ്യകരമെന്നു പറയട്ടെ, അയല്‍ക്കാരനെ പറ്റിച്ച പാത്രത്തില്‍ വെച്ചുണ്ടാക്കിയ ഭക്ഷണം കഴിച്ചു കൊണ്ടാണല്ലോ പിള്ളാരു വളര്‍ന്നു വലുതായത്‌.. സ്വാഭാവികമായും, ആ പാത്രത്തിണ്റ്റെ ഭൂതകാലവും, അച്ഛന്‍ അതു കരസ്ഥ്മാക്കിയ മാര്‍ഗ്ഗവും അവര്‍ ഒരിക്കലും മറന്നില്ല.. അവര്‍ തന്നെക്കാളും വലിയ ഭയങ്കരന്‍മാരായ തട്ടിപ്പുവീരന്‍മാരായി മാറിക്കൊണ്ടിരുന്നപ്പോള്‍, കുഞ്ഞിരാമന്‍ ഞെട്ടി... മനുഷ്യസഹജമായ നന്‍മയുടെ അംശം കുഞ്ഞിരാമനിലും അവശേഷിച്ചിരുന്നു.. മക്കള്‍ തെറ്റുകളിലൂടെയും, കുറ്റങ്ങളിലൂടെയും നീന്തിനടക്കുമ്പോള്‍, അയാള്‍ അവരെ ഉപദേശിച്ചു:
"ങും "
തല വെട്ടിത്തിരിച്ച്‌, അവജ്ഞയോടെ കുഞ്ഞിരാമനെ ഗൌനിക്കാതെ അവര്‍ തെറ്റുകളിലൂടെയും, കുറ്റങ്ങളിലൂടെയും നടന്നു നീങ്ങി.. പ്രായം കൂടും തോറും കുഞ്ഞിരാമന്‍ തണ്റ്റെ മക്കളില്‍ നിന്നും ഒറ്റപ്പെട്ടു കൊണ്ടിരുന്നു. ചില നേരങ്ങളില്‍ അവര്‍ തണ്റ്റെ ശത്രുക്കളാണോ എന്നു വരെ , കുഞ്ഞിരാമന്‍ സംശയിക്കാതിരുന്നില്ല.. വാര്‍ദ്ധക്യം അയാളെ കൂടുതല്‍, കൂടുതല്‍ ഏകാകിയും ചിന്താശീലനുമാക്കിത്തീര്‍ത്തു. ഒരു ദിവസം മകനും, മരുമകളും ഒരു വലിയ തട്ടിപ്പു നടത്തിയതിണ്റ്റെ വിജയാഹ്ളാദത്തില്‍ ഒരു വമ്പന്‍ സല്‍ക്കാരം നടത്തുകയുണ്ടായി. പാവം കുഞ്ഞിരാമന്‍ വീടിണ്റ്റെ ഇരുളടഞ്ഞ ഒരു മുറിയിലിരുന്നു എല്ലാം കണ്ടു, കേട്ടു.. മക്കള്‍, കുടിച്ചു കൂത്താടുന്നതും, മരുമകള്‍ മദോന്‍മത്ത ന്യത്തമാടി അരങ്ങു തകര്‍ക്കുന്നതും അവരങ്ങനെ ചിരിച്ചു ചിരിച്ചു കുഴഞ്ഞു വിഴൂന്നതും. കുഞ്ഞിരാമനു സഹികെട്ടു.. നേരം പുലര്‍ന്നപ്പോള്‍, അവരോടു കുഞ്ഞിരാമന്‍ ഇപ്രകാരം പറഞ്ഞു:
'മക്കളെ, ഇതൊന്നും നന്നല്ല.. നമ്മള്‌, നമ്മുടെ പഴയ കാലമൊന്നും മറന്നു കൂടാ.. '
' ഓ ഒരു പഴയ കാലം.. '
ഇത്രയും പറഞ്ഞുകൊണ്ട്‌, മരുമകള്‍ അടുക്കളയിലേക്കു പാഞ്ഞു പോയി.. 'ഇതാ, ഇതല്ലെ നിങ്ങളുടെ പഴയ കാലം.. ' അവള്‍ അടുക്കളയില്‍ നിന്നും താങ്ങിപ്പിടിച്ചു കൊണ്ടുവന്ന, നിറം മങ്ങി ക്ളാവു പിടിച്ച ആ ഒട്ടുപാത്രമെടുത്തു മുറ്റത്തേക്കു, ഒരേറു വെച്ചു കൊടുത്തു.. കാര്‍പോര്‍ച്ചിലെ കോണ്‍ക്രീറ്റു തൂണില്‍ ചെന്നു വീണു അതിണ്റ്റെ വക്കില്‍ നിന്നും ഒരു വലിയകഷ്ണം അടര്‍ന്നു ദൂരേക്കു തെറിച്ചു വീണു.. തണ്റ്റെ മകന്‍ അവളുടെ കരണക്കുറ്റിക്കു ഒന്നു പെട്ടിക്കുമെന്നു കുഞ്ഞിരാമന്‍ ആശിച്ചു.. അതുണ്ടായില്ല.. പകരം അവനിത്രയും പറഞ്ഞു. : 'അഛാ.. വെറുതെയെന്തിനാ വടി കൊടുത്തു അടി വാങ്ങാന്‍ നിക്കണത്‌.. ' താങ്ങാന്‍ വയ്യാത്തതു കിട്ടുമ്പോള്‍, എല്ലാവര്‍ക്കും തോന്നാറുള്ളതു പോലെ, ഒരു നിമിഷ നേരം കുഞ്ഞിരാമനും ഈ ഭൂമിയാകെ വട്ടം ചുറ്റുന്നതായിത്തോന്നി.. അയാള്‍ കുറെ നേരം അവിടെത്തന്നെ കുന്തിച്ചിരുന്നു.. സുബോധം വീണ്ടു കിട്ടിയപ്പോള്‍, ഇരുന്നേടത്തു നിന്നും പതുക്കെ എണീറ്റു..
'നടക്കാനാവതുണ്ടായിട്ടല്ല.. ആവും പോലെ ഈ പാത്രവുമെടുത്തുകൊണ്ടു ഞാനിങ്ങോട്ടു പോന്നത്‌'
വിറയാര്‍ന്ന ശബ്ദത്തില്‍, കുഞ്ഞിരാമന്‍ ഇത്രയും പറഞ്ഞു കൊണ്ടു എണ്റ്റെ കാല്‍ക്കല്‍ വീണു..
'ചങ്ങാതീ, എന്നോടു പൊറുക്കണം.. '
അയാള്‍ കരയാന്‍ തുടങ്ങി.. ഞാനാകെ വെഷമിച്ചു.. 'ച്ഛെ, എണീക്കു കുഞ്ഞിരാമാ.. നമ്മള്‌ വയസ്സമാരിങ്ങനെ.. ' അയാളെ പിടിച്ചെഴുന്നേല്‍പിച്ചു കൊണ്ട്‌ ഞാന്‍, വരാന്തയിലേക്കു നടന്നു.. ഏറെ നേരം ഒന്നും പറയാനില്ലാതെ, ഞാന്‍ കുഞ്ഞിരാമണ്റ്റെ ശുഷ്ക്കിച്ക പുറം തലോടി... വ്യസനങ്ങളുടെ നീര്‍ക്കെട്ടില്‍ നിന്നും, മോചനം കിട്ടാന്‍ വേണ്ടി, വരാന്തയിലെ തണുത്ത സിമണ്റ്റു തറയില്‍അയാളെ ഞാന്‍ അരികിലേക്കു ചേര്‍ത്തിരുത്തി.. ഇറയത്തിരിക്കുന്ന ആ പഴയ വക്കു പൊട്ടിയ പാത്രം ഒരു തവണകൂടി നോക്കാന്‍ കെല്‍പില്ലാതെ, കുഞ്ഞിരാമന്‍ തല താഴ്ത്തി നിശ്ചേഷ്ഠനായിരുന്നു.. കുഞ്ഞിരാമണ്റ്റെ ദയനീയ രൂപം എണ്റ്റെ മനസ്സിനെ വല്ലാതെ നോവിച്ചു.. ഞാന്‍ അയാള്‍ക്കുവേണ്ടി മനസ്സില്‍ ഇങ്ങനെ പ്രാര്‍ത്ഥിച്ചു.. 'ഈശ്വരാ.. കുട്ടികളാരും ഈ കഥ അറിയാതിരിക്കട്ടെ.. അറിഞ്ഞാല്‍ ഇംഗ്ളീഷു മീഢിയമാക്കി പഠിച്ച അവരിങ്ങനെ ഒരു കഥയെഴുതും:
'ഏതു കുഞ്ഞിരാമനും  അവണ്റ്റേതായ ഒരു ദെവസമുണ്ട്‌.. '

കഥ - ബാവ താനൂര്‍

12 comments:

ഹംസ said...

തേങ്ങ എന്‍റെ വക ആയിക്കൊട്ടെ അല്ലെ.

കഥ നന്നായിരിക്കുന്നു. കുഞ്ഞിരാമന്‍റെ കാര്യം ഓര്‍ക്കുമ്പോല്‍ സത്യത്തില്‍ പാവം തോനുകയാണ്. കര്‍മഫലമാണ് അനുഭവിക്കുന്നത് എങ്കിലും .കുഞ്ഞിരാമന്‍ മനസ്സില്‍ തട്ടുന്ന ഒരു കഥാപാത്രം തന്നെയാണ് അതിനു സംശയമില്ല.

kambarRm said...
This comment has been removed by the author.
kambarRm said...

ആയ കാലത്ത്‌ ആവോളം മറ്റുള്ളവർക്ക്‌ ഉപദ്രവങ്ങളും ശല്യങ്ങളും ചെയ്ത്‌ അവസാനകാലത്ത്‌ നീറി നീറി രോഗം ബാധിച്ച്‌ നരകയാതന അനുഭവിച്ച്‌ കൊണ്ടിരിക്കുന്ന ഒരു വ്യക്തിയെ എനിക്കറിയാം...ഇതിലെ നാരായണേട്ടനെ വായിച്ചപ്പോൾ എനിക്കതാണു പെട്ടെന്ന് ഓർമ്മ വന്നത്‌...
നല്ല കഥ..,ഓട്ടുപാത്രം പെറ്റതും പിന്നീട്‌ മരിച്ചതുമായ കഥ എവിടെയോ വായിച്ചതായി ഓർക്കുന്നു..
അഭിനന്ദനങ്ങൾ..

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഉപായം നോക്കുമ്പോള്‍ അപായവും നോക്കണം എന്നല്ലേ പഴമൊഴി..
അപ്പന്‍ നിന്ന് മുള്ളിയാല്‍ മക്കള്‍ നടന്നു മുള്ളും എന്ന് എല്ലാവരും അറിഞ്ഞാല്‍ നന്ന്..

ബിനോയ്//HariNav said...

കൊള്ളാം മാഷേ. ഇഷ്ടായി കഥ :)

Martin Tom said...

നല്ല കഥ, നല്ല ഫീല്‍

അഭി said...

കൊള്ളാം മാഷെ ..നന്നായിരിക്കുന്നു

Vinodkumar Thallasseri said...

പഴയൊരു കഥ പുതിയ കാലത്തെ വായനയ്ക്കായി അവതരിപ്പിച്ചത്‌ വളരെ നന്നായി. ഒട്ടും മുഴച്ചുനില്‍ക്കാതെ പറഞ്ഞിരിക്കുന്നു. അഭിനന്ദനങ്ങള്‍.

പട്ടേപ്പാടം റാംജി said...

പഴയ കുഞ്ഞിരാമന്റെ കഥയുടെ ബാക്കിപത്രം വളരെ ലളിതമായിത്തന്നെ പറഞ്ഞു. ലളിത ശൈലിയാണ് എന്നെ ഏറെ ആകര്‍ഷിച്ചത്‌.

വിചാരം said...

:)

നാമൂസ് said...

തിരക്കിന്‌ അവധി നല്‍കുന്ന സമയങ്ങളില്‍ താങ്കളുടെ സാന്നിധ്യം പ്രതീക്ഷിക്കുന്നു.
നാട്ടെഴുത്തു എന്ന പുതിയ സംരംഭത്തില്‍.
സഹ്രദയ മനസ്സേ,ഔദാര്യ പൂര്‍വ്വം പരിഗണിക്കണം എന്ന് അപേക്ഷ.
pls join: www.kasave.ning.com

Mohamedkutty മുഹമ്മദുകുട്ടി said...

കുഞ്ഞിരാമന്‍ കഥ വായിച്ചപ്പോള്‍ പണ്ടൊരു സിനിമാ നടനു( അന്നു സൂപ്പര്‍ സ്റ്റാറില്ലല്ലോ?)കുഞ്ഞിരാമന്‍ എന്നു പറയുമായിരുന്നു!. കഥ അസ്സലായി.