Monday 1 March 2010

വഴുതനങ്ങ ചുട്ടത്

' ഈ വഴുതനയുടെ കാര്യം ' എന്ന പേരില്‍ ഡോ: പി. എ. ലളിത ഫെബ്രുവരി 21ലെ വാരാദ്യമാധ്യമത്തില്‍ എഴുതിയ ലേഖനത്തില്‍ ഇങ്ങനെ പറയുന്നു:
'ചേനയിലും , ചേമ്പിലും ഒക്കെ അടങ്ങിയിരിക്കുന്ന ഫൈറ്റോഈസ്ട്രജന്‍ എന്ന സ്ത്രീ സൌന്ദര്യദായകമായ വസ്തുപോലും ഇല്ലാത്ത ഒരു പാവം .. സ്വാദുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു സത്യസന്ധമായ ഉത്തരം .. സാമ്പാറില്‍ അരിഞ്ഞിടുകയും , വെണ്ടക്ക, ഉരുളക്കിഴങ്ങ് എന്നിവ പോലെ എടുത്തു ഭക്ഷിക്കാതെ പുറത്തെടുത്തു കളയുകയും ചെയ്യുന്ന ഒരു തരം പച്ചക്കറി..'

നമുക്കങ്ങനെയായിരിക്കാം .. പക്ഷെ വഴുതന പല നാട്ടുകാര്‍ക്കും അവരുടെ ഒരു പ്രധാന ഇനം ഭക്ഷണമാണ്. പ്രത്യകിച്ച് മെഡിറ്ററേനിയന്‍ ദേശക്കര്‍ക്ക്. വഴുതനങ്ങ കൊണ്ട് സ്വാദിഷ്ടമായ വിഭവങ്ങളുണ്ടാക്കുന്ന ലബനാന്‍ , ജോര്‍ദാന്‍ ദേശവാസികളുണ്ട്. വഴുതങ്ങ ചുട്ട്കുഴമ്പുണ്ടാക്കുന്ന ഒരു പാചക വിദ്യ ഞാനിവിടെ വിവരിക്കാം :

ല്ല വലിയ മുഴുത്ത കുരു കുറഞ്ഞ രണ്ടോ, മൂന്നോ വഴുതനങ്ങ.
ഈ പാവം വഴുതനങ്ങകളെ തീക്കനലിലോ, ഗ്യാസുകുക്കറിനു മുകളിലെ
തീയില്‍ വെച്ചോ നന്നായി ചുട്ടെടുക്കണം . പുറത്തെ അവയുടെ ഭം ഗിയുള്ള
തൊലിയെല്ലാം പൊള്ളിപ്പോകും .

' നീയെന്തിനാണ് ഇത്രയേറെ ഭം ഗിയുള്ള എന്നെ ചുട്ടു പൊള്ളിക്കുന്നതെന്നു
ഒരു സീല്‍ക്കാര നാദത്തോടെ വഴുതനങ്ങ നിങ്ങളോടു ചോദിക്കും ,
അപ്പോള്‍ ഇങ്ങനെ മറുപടി പറയണം :

'ഞാന്‍ മനുഷ്യനാണു.. നിന്നെ ഇത്രമേല്‍ ഭം ഗിയോടെ കണ്ടു കൊണ്ടിരിക്കാന്‍ എനിക്കാവില്ല'.

പാകത്തിനു പൊള്ളിയാല്‍ , ഭംഗിയുള്ള വഴുതനയുടെ തൊലിയെല്ലാം കരിഞ്ഞടര്‍ന്നു പോകും ..
 ചുട്ടെടുത്ത വഴുതനങ്ങയുടെ കൊഴുപ്പ്, കരിഞ്ഞ തൊലി ചേരാത്ത വിധം ഒരു
പാത്രത്തിലേക്കു ശ്രദ്ധാപൂര്‍വം മാറ്റിയിടണം . നല്ല ചൂടുണ്ടാവും.

പാകത്തിനു ഉപ്പും , രണ്ടോ മൂന്നോ അല്ലി വെളുത്തുള്ളിയും ചേര്‍ത്ത് മിക്സിയിലിട്ട് ഈ കൊഴുപ്പിനെ ചെറുതായൊന്നടിച്ചെടുക്കണം .. ( കൂടുതലാവരുത്..വെള്ളമായിപ്പോകും )..
ഇത്തിരി നിലക്കടലയരച്ചതോ, എള്ളരച്ചതോ വേണം . കൂടെ ഇത്തിരി തൈരും . അല്ലെങ്കില്‍ ചെറുനാരങ്ങാനീരായാലും മതി.
നന്നായി ഇളക്കുക. അല്പനേരം ഫ്രിഡ്ജില്‍ വെച്ച് ചെറുതായൊന്നു തണുപ്പിക്കണം . പിന്നീട് ഒരു പരന്ന പാത്രത്തില്‍ ഭം ഗിയായി  ഇവനെ പകര്‍ന്നു നല്‍കണം.
അല്പം എള്ളെണ്ണയോ, ഒലീവ് ഓയിലോ ഈ വിഭവത്തിനു മുകളില്‍ പകരണം ..

നഷ്ടമായ വഴുതനങ്ങയുടെ സ്മരണക്കായി നമുക്ക് ഒരല്ലി മല്ലിയില സമര്‍പ്പിക്കാം ..
റൊട്ടിയുടെ കൂടെയൊ, ചപ്പാത്തിക്കൊപ്പമോ ഇനി ഇതു നമുക്കു കഴിക്കാം ..
മലയാളിയുടെ നാവിന്റെ രുചിമുകുളങ്ങള്‍ ക്കിവനെ രസിപ്പിക്കനാവുമോ?
അങ്ങനെ ചോദിച്ചാല്‍  എനിക്കറിയില്ല .

11 comments:

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

"സ്വാദുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ല എന്നു സത്യസന്ധമായ ഉത്തരം .. സാമ്പാറില്‍ അരിഞ്ഞിടുകയും , വെണ്ടക്ക, ഉരുളക്കിഴങ്ങ് എന്നിവ പോലെ എടുത്തു ഭക്ഷിക്കാതെ പുറത്തെടുത്തു കളയുകയും ചെയ്യുന്ന ഒരു തരം പച്ചക്കറി.."

അതൊക്കെ വലിയ പണക്കാര്‍ക്ക്. നമ്മള്‍ മാവിലയിക്കാര്‍ക്ക് ഇതൊക്കെ അതീവ രുചികരമായ ഭക്ഷണമാണ്. .
ഇവിടെ ഖത്തറില്‍ , ഞാന്‍ കണ്ടിടത്തോളം സ്വദേശികള്‍ക്കും വിദേശികള്‍ക്കും വൈതന യും ഉരുളന്‍ കിഴങ്ങും മുഖ്യ ഭക്ഷണമാണ്. (വൈതന,ബൈഗാന്‍ ,ബദിന്‍ജാന്‍.പേരിലെ സാമ്യം നോക്കൂ
ഒക്കെ ഒന്ന് തന്നെ .)

Sabu Kottotty said...

വഴുതനങ്ങാ ഉപ്പേരിയുടെ സ്വാദ് ആര്‍ക്കും ഇഷ്ടമല്ലേ..?

ഹംസ said...

വഴുതനങ്ങ സാമ്പാറില്‍ വലിയ രുചിയൊന്നുമില്ലാ എന്ന് പറയാം പക്ഷെ ഇവിടെ അറബികള്‍ ഒരു ദിവസം പോലും “ബദിന്‍ജാന്‍“ കഴിക്കാത്ത ദിവസമുണ്ടാവില്ല എന്നു തോനുന്നൂ ഒരു സാന്‍റവിജ് കഴിക്കാണെങ്കില്‍ പോലും അതില്‍ ,ബദിന്‍ജാന്‍ ഉണ്ടാവും. എനിക്കും ,ബദിന്‍ജാന്‍ എണ്ണയില്‍ പൊരിച്ചത് കഴിക്കാന്‍ ഇഷ്ടമാണ്.

Unknown said...

വഴുതനങ്ങകൊണ്ട് ഇങ്ങിനെ ചില ഉപകാരങ്ങളും ഉണ്ടല്ലേ..?
ഒട്ടുമിക്ക മലയാളികളും വഴുതനങ്ങഉപ്പേരി കഴിക്കാറുണ്ട് എന്നാണു തോന്നുന്നത്.

Unknown said...

ഭംഗിയോള്ള ഒന്നിനേയും നമ്മള്‍ വേറുതെ വിടൂല്ലല്ലോ, അതിപ്പം വേണ്ടാത്ത വഴുതനങ്ങയായാലും പാവയ്ക്കയായലും.

Typist | എഴുത്തുകാരി said...

വഴുതനങ്ങക്കു സ്വാദില്ലെന്നോ, വഴുതന കഴിക്കാതെ സാമ്പാറില്‍ നിന്നു എടുത്തുകളയുമെന്നോ. ഞാന്‍ വിയോജിക്കുന്നു.

വഴുതനങ്ങ മെഴുക്കുപുരട്ടി അല്ലെങ്കില്‍ ഉപ്പേരിക്കു് എന്തൊരു സ്വാദാ! തൈരും ഈ ഉപ്പേരിയും മാത്രം മതി ചോറുണ്ണാന്‍.

പിന്നെ ഇതില്‍ പറഞ്ഞിട്ടുള്ള വഴുതനങ്ങ ചുട്ടതിന്റെ ഒരു മിനി മോഡല്‍ തന്നെയാ ഞാനിന്നുണ്ടാക്കിയതു്. അതു കഴിഞ്ഞു വന്നപ്പഴാ, ദേ ഇവിടേയും വഴുതനങ്ങ.

bhoolokajalakam said...

:)

ജസ്റ്റിന്‍ said...

വഴുതനങ്ങ എല്ലാവരും എടുത്തുകളയുന്ന ഒരു പച്ചക്കറിയാണോ എന്ന് ചോദിച്ചാല്‍ ദുഖത്തോടെ സമ്മതിക്കേണ്ടി വരും. പക്ഷെ എന്റെ ഇഷ്ട വിഭവങ്ങളില്‍ ഒന്നാണ് ഇത്. വഴുതനങ്ങ നോര്‍ത്ത് സൈഡില്‍ വളരെ നന്നായി പല രീതിയില്‍ പാചകം ചെയ്യാറുണ്ട്. ഞാന്‍ അവിടെയായിരിക്കുമ്പോള്‍ വളരെ സ്വാദോടെ അവ കഴിച്ചിരുന്നു. ഇപ്പോള്‍ അവയുടെ ഒക്കെ സ്വാദ് മാത്രമാണ് നാവില്‍ ഉള്ളത്. കാരണം വീട്ടില്‍ അത് വലിയപിടുത്തമില്ല

Appu Adyakshari said...

ബാവ എഴുതിയ വിഭവം ഒരിക്കല്‍ കഴിച്ചിട്ടുണ്ട്. ഒരു മെക്സിക്കന്‍ റസ്റ്ററന്റില്‍. നല്ല സ്വാദായിരുന്നു. എനിക്കുതോന്നുന്നത് ഏതു പച്ചക്കറിയായാലും, ഇറച്ചി മീന്‍ വിഭവങ്ങളായാലും അതെല്ലാം തനി കേരളീയ രീതിയില്‍ പാചകം ചെയ്യാന്‍ ഒരുങ്ങുന്നതുകൊണ്ടാണ് ഈ രുചികേടുകളും, എടുത്തുകളയലുകളും വേണ്ടിവരുന്നതെന്നാണ്. നോണ്‍ വെജ് പാചകങ്ങള്‍ തന്നെ നോക്കൂ, ഏതിറച്ചിയായാലും മീനായാലും അതെല്ലാം ഒരേ മസാലയില്‍ പുരട്ടി കറിവയ്ക്കാനേ നമുക്കറിയൂ. ഫലം എല്ലാ ഇറച്ചിക്കും മീനിനും ഒരേ ടേസ്റ്റ് !!

Vinodkumar Thallasseri said...

കാര്‍ട്ടൂണ്‍, കവിത, കഥ. ദേ, ഇപ്പൊ പാചക വിധിയും. ബാവാ നീയൊരു സകല കലാ വല്ലഭന്‍ തന്നെ. വല്ലഭന്‌ വഴുതനങ്ങയും ആയുധം.

Mohamedkutty മുഹമ്മദുകുട്ടി said...

എന്നാല്‍ കേട്ടോ ബാവാ, ഞാനുമൊരു ബാവയാ. ഇനി വഴുതനങ്ങ. ഇവനെ ഉരുണ്ടതാണെങ്കില്‍ ചെറിയ സ്ലൈസാക്കി ഉപ്പും മുളകും പുരട്ടി മീന്‍ പൊരിക്കുന്ന പോലെ പൊരിച്ചാല്‍ എനിക്കു പെരുത്തിഷ്ടമാ. അതു പോലെ നീളന്‍ ടൈപ്പാണെങ്കില്‍ നീളത്തില്‍ ചെറിയ കഷ്ണമാക്കി ഉപ്പേരിയുണ്ടാക്കും. പിന്നൊരു കാര്യം ,വളരെ പ്രധാനമാണത്. വഴുതിന ഉപ്പേരിക്കു കഷ്ണമാക്കിയ ശേഷം കുറച്ചു നേരം വെള്ളത്തിലിട്ടു വെക്കണം. അതിലൊരു കറയുണ്ട് ,അതു പോവാന്‍.