Monday 8 March 2010

ഭൂമിയെ പ്രണയിക്കാനറിയാത്ത കാമുകന്‍..

നടത്തം ... വായുവില്‍ കൈകള്‍ വീശി, ഭൂമിയിലൂടെ ഓരോ അടിയും മുന്നോട്ടു വെച്ച്‌. നടത്തത്തിനു ഒരുലകഷ്യമുണ്ട്  .. അതല്ലെങ്കില്‍, നടത്തം തുടങ്ങിയേടത്തുതന്നെ തിരിച്ചെത്തുമെന്ന ബോധമുണ്ട്‌..ചില നേരങ്ങളില്‍ വായുവിലൂടെ പറക്കുന്നതു പോലെയുണ്ടാവും നടത്തം..കൈകള്‍ ചിറകുകളായി മാറും.. ആള്‍ക്കൂട്ടത്തിലൂടെ നടന്നു പോകുമ്പോള്‍ എതിരെ വരുന്നയാളെ അറിയാതെ ചെന്നു മുട്ടിപ്പോകും..ആകെ പരിഭ്രമിച്ച്‌ ഉറുമ്പിനെപോലെ ഒന്നു വട്ടം കറങ്ങി, അയാള്‍ക്കൊരു ചുംബനം നല്‍കിയിട്ട്‌, മുന്നോട്ടു തന്നെ നീങ്ങും.. അതാ പിന്നെയും ഒരു വട്ടം കറങ്ങല്‍.. ഒരു ചുംബനം.. ഉറുമ്പിണ്റ്റെ സഞ്ചാര ചംക്രമണമായി ഈ കൂട്ടനടത്തം മഹാനഗരങ്ങളിലൂടെയും, വീഥികളിലൂടെയും മൌനജാഥയായി നീണ്ടു പോകും.. മനുഷ്യനായതു കൊണ്ടു ഇത്തിരി സ്വാസ്ഥ്യം കൊതിച്ചു പോകും..നടക്കുമ്പോള്‍ ഒറ്റക്കു സ്വന്തം,സ്വകാര്യതയിലങ്ങനെ മുങ്ങിപ്പൊങ്ങി പതുക്കെപ്പതുക്കെ മുന്നോട്ടു പോകണം..ആള്‍ക്കൂട്ടത്തില്‍നിന്നു തെന്നിമാറി, ഒരിടവഴിയിലൂടെ, ഓവുചാലിനു മുകളിലിട്ട സ്ളാബുകളില്‍, പേടിയോടെ കാലുകള്‍ ശ്രദ്ധാപൂര്‍വമെടുത്തുവെച്ച്‌ നടന്നു, നടന്നു താഴെയിറങ്ങി, പുഴക്കരയിലേക്കു അല്ലെങ്കില്‍ കടല്‍ക്കരയിലേക്കു വെറുതെയങ്ങനെ നടന്നു പോകണം. ഏറെ നേരം നടക്കുമ്പോള്‍ പൊയ്പോയ പൂക്കാലങ്ങള്‍ കൊട്ടും കുരവയുമായി വഴിയോരത്തുണ്ടാകും. കൂട്ടുകാരാ, ഇതിലെ, ഇതിലെ വരൂ. വഴിയുടെ ഇരുവശങ്ങളിലും ഉയരങ്ങളില്‍.. പൂമരങ്ങളും, പച്ചിലവള്ളികളും, പൊന്തക്കാടും.. കിളികള്‍ പാടുന്നുണ്ടാവും.. പക്ഷെ വഴിയാകെ കരിയിലകള്‍ മൂടിക്കിടക്കുകയാവും. പാമ്പും, ചേരയും, കല്ലും, മുള്ളും, കുപ്പിച്ചില്ലും തീരെ സഞ്ചാരയോഗ്യമല്ല ഈ വഴി. മനസ്സു, ശരീരത്തെ വളച്ചു തിരിച്ചു പൊതുവഴിയിലേക്കു കയറ്റും.തെങ്ങും, മാവും, പ്ളാവും, ആരാണ്റ്റെ ഒരോരോ പറമ്പുകളിലൂടെ വഴിയങ്ങനെ നീണ്ടുപോകും.
എവിടെയോ കണ്ടുമറന്ന ആളാണല്ലോ ഈ വരുന്നതെന്നു ചൊല്ലി തെങ്ങോലകള്‍ പരസ്പരം കുശുകുശുക്കും.ഒരിളം കാറ്റ്‌ നടത്തത്തിനു കുളിരേകും..... ദൂരെ,ദൂരെനിന്നെവിടെയോ ഒരു കല്യാണപന്തലിലെ 'സ്പീക്കര്‍സെറ്റില്‍'നിന്നും ഒരു പഴയ ഗാനം ഒഴുകിയെത്തുന്നുണ്ടാവും. പച്ചവിരിച്ച പാടവരമ്പിനു മുകളിലൂടെ ഒരായിരം വര്‍ണങ്ങള്‍ വാരിവിതറി കല്യാണം കൂടാന്‍, കുട്ട്യോളും, മക്കളുമായി കുറെ പെണ്ണുങ്ങളങ്ങനെ നടന്നു പോകുന്നുണ്ടാവും. കാലുകള്‍, പെട്ടെന്നു എവിടെയോ ചെന്നു മുട്ടുമ്പോള്‍, ഇക്കണ്ടതെല്ലാം വെറും സ്വപ്നങ്ങള്‍, തുരുമ്പെടുത്ത പഴയ കാല ചിത്രങ്ങള്‍, പുതുപുത്തന്‍ കാലത്തിനു മുമ്പില്‍ കൊട്ടിയടക്കപ്പെട്ട ഇരുമ്പുഗേറ്റില്‍ ചെന്നുമുട്ടി നടത്തം അതാ..ഞെട്ടിത്തരിച്ചു നിന്നുപോകും !!! ഇനിയങ്ങോട്ടു വഴിയില്ല. ചുറ്റും, മതിലും, വേലിക്കെട്ടും, വീടുകളും. അപ്പുറത്തുമിപ്പുറത്തുമുള്ള പെണ്ണുങ്ങളും, കുട്ടികളും ഈ അപരിചിതനെ തുറിച്ചു നോക്കുകയാണു. അങ്ങോട്ടോ, ഇങ്ങോട്ടോ ഏതു വീട്ടിലേക്കണീ വിരുന്നുകാരന്‍? കാലവും, വഴികളും മാറിയ ജാള്യതയില്‍ തല താഴ്ത്തി തിരിച്ചു നടക്കും. മുറിഞ്ഞു പോയ ഏകാഗ്രത വള്ളിപൊട്ടിയ ചെരിപ്പായി കാലില്‍ കുടുങ്ങിക്കിടക്കും. വേഗം ടാറിട്ട റോഡിലേക്കു കയറി ഉടന്‍ ഓടിയെത്തുന്ന ഒരു ഓട്ടോയില്‍ കയറിയൊളിച്ചു നടത്തം, തുടങ്ങിയിടത്തേക്കു തന്നെ കുതിക്കും.
പിന്നെയും, വേനലില്‍, മഴയില്‍, വസന്തത്തില്‍, ശിശിരത്തില്‍ പൂവും, പുഴയും വഴിയുമണിയിച്ചൊരുക്കി ഭൂമി പലവട്ടം ക്ഷണക്കത്തയക്കും..
എന്തൊരു മഴ !!
 ഈ ചൂടിലോ !!
 ഈ മഞ്ഞിലോ !!
 ഓ .. ഈ രാത്രിയില്‍ആരെങ്കിലും കണ്ടാല്‍?
അങ്ങനെ എന്തെന്തു ഒഴികഴിവുകള്‍ പറഞ്ഞാണു അവളെ പലപ്പോഴായി തിരസ്കരിച്ചുകൊണ്ടിരുന്നതു...
ഒരിക്കല്‍ചുറ്റും വിശാലമായ മരുഭൂമിയും,നടുവില്‍ നീലാകാശവും ഒരുക്കിവെച്ചിട്ടുപ്രണയപരവശയായി അവള്‍ വന്നു വിളിച്ചു.. വരൂ..വരൂ... ശാന്തമായ ഒരു സായാഹ്നസവാരിയിലേക്കു്‌. സ്വസ്ഥമായി നടന്നു. നടന്നു നടന്നു മൈതാനത്തിനു മധ്യത്തിലെത്തി. സന്ധ്യയാവുന്നു. ആകാശം ചുവന്നു തുടുക്കുന്നു. തിരിച്ചത്താന്‍ വൈകിപ്പോകും. രാതിയാകും. നിലാവെളിച്ചമുണ്ടാകും. എങ്കിലും ആധിയായി. പരിഭ്രമം കൊണ്ടു ദേഹമാകെ വിറയലായി. നിഴലാട്ടം കണ്ടാല്‍ വെറുതെ കുരക്കുന്ന പട്ടിയായി പേടി കൂടെത്തന്നെയുണ്ടു്‌. കൂട്ടിനൊരാളില്ല. ഒറ്റക്കൊരാളിങ്ങനെ ഈ വിജനതയിലൂടെ.. നാലു ദിക്കില്‍നിന്നും നായ്ക്കള്‍ ഓരിയിടുന്നുണ്ടോ? ദൈവമേ ഈ മൈതാനം ഒരു വലിയ മഹാസമുദ്രമാവുകയാണോ?
പിച്ചവെച്ചു, പിച്ചവെച്ചു നടക്കാന്‍ കൊതിച്ചു, നടക്കാന്‍ പഠിച്ചു ഒടുക്കം നടക്കനാവാതെ തുടങ്ങിയിടത്തേക്കു തന്നെ ഞാന്‍ തിരിച്ചു തുഴയുകയാണു്‌.  ഈ ഏകാന്തതയില്‍ കൈകാലുകള്‍ കുഴഞ്ഞു,എവിടെനിണ്ണെങ്കിലും ഒരു വാഹനം എന്നെ രക്ഷിക്കാനോടിയെത്തുമെന്ന പ്രതീക്ഷയുമായി നില്‍ക്കുകയാണു..
 അപ്പോള്‍ ഈ കാമുകനെ നോക്കി ഈ പ്രപഞ്ചം,ഈ നീലാകാശം, ഈ മണല്‍തരികള്‍ പരിഹാസത്തോടെ പുഞ്ചിരി തൂകി ഇങ്ങനെ മൊഴിയുന്നുണ്ട്‌:
 പ്രണയിക്കാനറിയാത്ത കാമുകന്‍!!
ബാവതാനൂര്‍

10 comments:

ബാവ താനൂര്‍ said...

നാലുവരിപ്പാതയിലൂടെ കാറോടിച്ചല്ല....പാടവരമ്പിലൂടെ, ഇടവഴികളിലൂടെ, ആരാന്റെ തൊടിയിലൂടെ വടക്കോട്ടു നടന്നു നടന്നു കാസര്‍ കോട്ടെത്തണം .. തെക്കോട്ട് നടന്നു തിരുവനന്തപുരത്തും .. ഇരുമ്പു ഗേറ്റും ..മതിലുകളും , വേലിക്കെട്ടും .. നടക്കാന്‍ വഴിയില്ലാതെ തരിച്ചുനില്ക്കുന്ന മലയാളിക്കിനി എന്തു നടത്തം ?

Martin Tom said...

ഒന്ന് വായിച്ചു, ഒന്ന് കൂടി വായിക്കണം..എന്നിട്ട് അഭിപ്രായം പറയാം ..

ഹംസ said...
This comment has been removed by the author.
ഹംസ said...

കാലുകള്‍, പെട്ടെന്നു എവിടെയോ ചെന്നു മുട്ടുമ്പോള്‍, ഇക്കണ്ടതെല്ലാം വെറും സ്വപ്നങ്ങള്‍, തുരുമ്പെടുത്ത പഴയ കാല ചിത്രങ്ങള്‍, പുതുപുത്തന്‍ കാലത്തിനു മുമ്പില്‍ കൊട്ടിയടക്കപ്പെട്ട ഇരുമ്പുഗേറ്റില്‍ ചെന്നുമുട്ടി നടത്തം അതാ..ഞെട്ടിത്തരിച്ചു നിന്നുപോകും !!! ഇനിയങ്ങോട്ടു വഴിയില്ല.

നന്നായിരിക്കുന്നു. ഒരു ഗ്രാമഭംഗി ആസ്വദിച്ചു കൂടെ നടന്നു.

Unknown said...

നടത്തം അന്യമായ ഇക്കാലത്ത്‌ ഈ നടത്തത്തിന് പ്രസക്തിയുണ്ട്.

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

നടത്തം മറന്ന മലയാളി
മലയാളം മറന്ന മലയാളി
പ്രണയം മറന്ന മലയാളി
വിശേഷണങ്ങള്‍ നിരവധി ...

NB:ഉടുപ്പോ നടത്തമോ ഭേദം?
സംശയമെന്ത് നടത്തം തന്നെ
"നടപ്പ് നന്നല്ലാത്തവന്റെ ഉടുപ്പ് നന്നായിട്ട് കാര്യമില്ല" എന്നല്ലേ പഴമൊഴി .

Sabu Kottotty said...

മലയാളിയ്ക്കു ‘നടത്താ’നാണു താല്പര്യം...

Sabu Kottotty said...
This comment has been removed by the author.
Vinodkumar Thallasseri said...

'നടക്കുന്നത്‌
രണ്ടുകാലിലല്ല
വഴിയിലും വരമ്പിലുമല്ല"

അറിവില്‍ നിന്ന് അറിവില്ലായമയിലേക്ക്‌ നടക്കാന്‍ അറിയമായിരുന്നെങ്കില്‍....

Mohamedkutty മുഹമ്മദുകുട്ടി said...

കൊട്ടോട്ടി പറഞ്ഞപോലെ മലയാളി ഇന്നു നടക്കുന്നില്ല,നടത്തുകയാണ്. ഇന്നെവിടേക്കു നടക്കും?. അഥവാ നടന്നാല്‍ തന്നെ ചോദ്യമുയരും ,വണ്ടിക്കെന്തു പറ്റി?അല്ലെങ്കില്‍ വണ്ടിയൊന്നും കിട്ടിയില്ലെ?. ഇപ്പോള്‍ ഇടവഴിയെവിടെ? പാടവരമ്പെവിടെ? .എല്ലാം സ്വപ്നങ്ങളില്‍ മാത്രം.കുറഞ്ഞ വരികളില്‍ കൂടുതല്‍ കാര്യങ്ങള്‍ പറയുന്ന ഈ ശൈലി കൊള്ളാം.ആശംസകള്‍!